ഏട്ടന് എന്താണ് ഏട്ടാ ഇത്രക്കും മടി അതു മേടിക്കാൻ……?

(രചന: അരുൺ നായർ)

“” ഏട്ടാ, ഏട്ടൻ നമ്മുടെ മോൾ വലുതാകുമ്പോൾ അവൾക്കു വിസ്പർ മേടിച്ചു കൊടുക്കുമോ ഏട്ടാ…. “” രണ്ടു വയസ്സു മാത്രം ആകാറായ മോൾക്ക് പൂരി കൊടുക്കുന്നതിനടയിലുള്ള ഭാര്യ മീനുവിന്റെ ചോദ്യം എന്നെ തെല്ലൊന്നുമല്ല ആശ്ചര്യപെടുത്തിയത്….. “” രാവിലെ തന്നെ നിനക്കിതു എന്തിന്റെ ഏനക്കേട് ആണ്…. ആ കുഞ്ഞിനെ നോക്കി നിനക്കു എങ്ങനെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നു…. പിന്നെ നീ ചോദിച്ച ചോദ്യത്തിന് എൻറെ ഉത്തരം ഇല്ല എന്നാണ്…. നീ ഇല്ലേ അവൾക്കു മേടിച്ചു കൊടുക്കാൻ…. “” “”ഞാൻ ഉണ്ട് എന്നാലും ഏട്ടൻ അവളുടെ അച്ഛൻ അല്ലേ, ഏട്ടനും ഇല്ലേ അപ്പോൾ ഉത്തരവാദിത്തം അതുകൊണ്ട് ചോദിച്ചതാണ്…. ഹോ, നിങ്ങൾ എന്തൊരു ദുഷ്ടൻ ആണ്,, ഉടനെ തന്നെ ഇല്ലെന്നു പറഞ്ഞത് കേട്ടില്ലേ….. “” “”അതെ എനിക്കു രണ്ടു ചേച്ചിമാരും പിന്നെ ചിറ്റയുടെ മക്കൾ ആയി അനുജത്തിമാരും ഉണ്ടായിട്ടും ഞാൻ ഇതുവരെ ആർക്കും മേടിച്ചു കൊടുത്തില്ല, പിന്നെ അന്ന് നിനക്കു ഒരു നിവർത്തിയും ഇല്ലാത്തോണ്ട് മേടിച്ചു തന്നതാണ്….. “” “”ഏട്ടന് എന്താണ് ഏട്ടാ ഇത്രക്കും മടി അതു മേടിക്കാൻ…. അതു മോശമായ കാര്യം ഒന്നും അല്ലല്ലോ ഇത്രക്കും അറക്കാൻ…. “”

“”ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ, നീ ചുമ്മാ എഴുതാപ്പുറം വായിച്ചു മതിലുപണിയാൻ പോകണ്ട…. ഇപ്പോൾ കുഞ്ഞിന് കഴിക്കാൻ കൊടുക്ക്‌ എന്നിട്ടു എനിക്കും താ…. ‘” എൻറെ കളിയാക്കൽ പോലെയുള്ള മറുപടി കേട്ടു കുറച്ചു ദേഷ്യം വന്നുവെങ്കിലും ഞങ്ങളോട് ഉള്ള സ്നേഹ കൂടുതൽ കൊണ്ട് കൂടുതൽ സംസാരിച്ചു രാവിലെ തന്നെ എൻറെ മൂട് കളയാതെ അവൾ കുഞ്ഞിന് ആഹാരം കൊടുത്തിട്ട് എനിക്കും തന്നു…. ഞങ്ങൾ മൂന്നുപേരും കൂടി സന്തോഷത്തോടെ കറങ്ങാൻ ഒക്കെ പോയി സുഖമായി ജീവിച്ചു…. കാലം നമ്മുടെ കയ്യിൽ നിൽക്കാതെ കടന്നു പോയ്കൊണ്ടേ ഇരുന്നു….. എൻറെ മകളുടെയും പ്രായം അറിയിക്കുന്ന കാലം ഞങ്ങളെ തേടി ഓടിയെത്തി…..

മോൾക്ക് പ്രായം അറിയിച്ചപ്പോൾ വീട്ടിൽ എല്ലാവർക്കും എനിക്കും വളരെ സന്തോഷവും ആഘോഷവും ആയിരുന്നെങ്കിലും മോളുടെ വേദന കൊണ്ടുള്ള കരച്ചിൽ കേട്ടിട്ട് ആണോ മീനുവിന്റെ കണ്ണിൽ നിന്നും ഉതിരുന്ന കണ്ണുനീർ കണ്ടപ്പോൾ എനിക്കു തോന്നി മോളേക്കാൾ വേദന മീനുവിന് ആണെന്ന്…..മീനു പുറം തടവി കൊടുക്കുന്ന സുഖത്തിൽ വേദന കുറച്ചു കുറഞ്ഞപ്പോൾ മോൾ ഉറങ്ങി, മോൾ സമാധാനത്തോടെ ഉറങ്ങുന്നത് കണ്ടപ്പോൾ ഉള്ള സമാധാനം കൊണ്ട് ഞാനും ഉറങ്ങാൻ കിടന്നു….. ഉറക്കം രാവിലെ ഞാൻ ഉണർന്നപ്പോളും ഞാൻ നോക്കിയപ്പോൾ മീനു മോളുടെ പുറവും തലോടി കൊണ്ട് ഇരിക്കുന്നു….. അതിശയത്തോടെ ഞാൻ മീനുവിനെ വിളിച്ചു ചോദിച്ചു….

“” മീനു, നീ ഇന്നലെ ഉറങ്ങിയില്ലേ….. മോൾ ഉറങ്ങി പോയായിരുന്നല്ലോ…. നീ എന്തിനാണ് പിന്നെ ഇങ്ങനെ ഉറക്കവും കളഞ്ഞു ഇരുന്നത്…. ഇനി ഇന്നു മുഴുവൻ തല വേദന ആണെന്നും പറഞ്ഞു കിടെന്നോ കേട്ടോ…. “” “”ഏട്ടാ അതല്ല, അവൾക്കു ആദ്യമായി ഉണ്ടായതല്ലേ …. അതിന്റെ ഒരു പേടിയും ജിജ്ഞാസയും ഒക്കെ ഉണ്ടാവും…. ഇടയ്ക്കു ഇടയ്ക്കു രാത്രിയിൽ ഉണർന്നിരുന്നു….. ഞാൻ അടുത്തു ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു ഉറങ്ങിയതാണ് പാവം…. ഏട്ടൻ പോയി ഫ്രഷ് ആയി വാ അപ്പോളേക്കും ഞാൻ ചായ എടുത്തു വെക്കാം….. “” ” മീനു, നീ ഒരു സംഭവം തന്നെ കേട്ടോ, എത്ര മനോഹരമായാണ് മോളുടെ ഓരോ ആവശ്യങ്ങളും ചെയ്യുന്നത്…. നിന്നേ പോലെയൊരു അമ്മയെ കിട്ടിയ നമ്മുടെ മകൾ ഭാഗ്യം ചെയ്തവൾ തന്നെ…. “” “” ഞാൻ അനുഭവിച്ചിട്ടില്ലല്ലോ ഏട്ടാ ആ ഭാഗ്യം, എനിക്കറിയാം അതുകൊണ്ട് മോൾക്ക് ഈ സമയത്തു എത്രമാത്രം എൻറെ ആവശ്യം ഉണ്ടെന്നു…. അതറിഞ്ഞു എനിക്കു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞാൻ പിന്നെ എന്തിനാണ് ജീവിച്ചിരിക്കുന്നത്….. “”

എനിക്കു മനസ്സിലായി അവളുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു പോയതുകൊണ്ട് അവൾ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ അവൾക്കു ഓർമ്മ വന്നെന്നു…. അതിന്റെ സൂചനയായി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയാൻ തുടങ്ങിയതും ഞാൻ അവളെ ചേർത്തു നിർത്തിയിട്ടു ചോദിച്ചു ഞാൻ ഇല്ലെടോ തന്റെ കൂടെ പിന്നെ താൻ എന്തിനാണ് വിഷമിക്കുന്നത്…… ഒരു രണ്ടു മിനിറ്റു എൻറെ നെഞ്ചിൽ ചാരി നിന്നതിനു ശേഷം പെട്ടെന്ന് എൻറെ ജോലിയും തിരക്കും ഓർമ്മ വന്നപ്പോൾ വിട്ടിട്ടു പൊ ചെറുക്കാ, മകൾ വയസ്സു അറിയിച്ചു, അന്നേരമാണ് അങ്ങേരുടെ ഒരു കിന്നാരവും കെട്ടിപിടുത്തവും പറഞ്ഞു എൻറെ പിടി വിടീക്കാൻ നോക്കിയെങ്കിലും എൻറെ കൈ ഒന്ന് കൂടി ശക്തമായി അവളെ എന്നിലേക്ക്‌ അടുപ്പിച്ചു…. വേണ്ട ഏട്ടാ വിട്ടോ, അല്ലെങ്കിൽ ഓഫീസിൽ പോകാൻ താമസിക്കും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി…..

കാലം പിന്നെയും മുൻപോട്ടു പോയി…. ഞങ്ങളുടെ സന്തോഷകരമായ ജീവിതം കണ്ടു അസൂയ പൂണ്ട ഈശ്വരന്മാർ എൻറെ മീനുവിനെ ഞങ്ങളുടെ അടുത്തു നിന്നും വിളിക്കുമ്പോൾ ഞങ്ങളുടെ മകൾ പത്താം ക്ലാസ്സിൽ ആയിട്ടേ ഉണ്ടായിരുന്നുള്ളു…. അല്ലേലും സ്നേഹവും ആത്മാർത്ഥയും നന്മയും ഉള്ളവരെ ദൈവം നേരത്തേയങ്ങു വിളിക്കും എന്ന് പറയുന്നത് എത്ര സത്യം ആണെന്ന് എനിക്കും മകൾക്കും തോന്നിയ നാളുകൾ…… മീനുവിന്റെ അഭാവം അധികം അറിയിക്കാതെ ഞാൻ മോളെ ആകാവുന്നത് പോലെ നോക്കി….

മീനു മരിച്ചു അധിക ദിവസം ആയിരുന്നില്ല…. ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ സാധാരണ എന്നെയും നോക്കി ഹാളിൽ തന്നെ ഇരിക്കാറുള്ള മോളെ അവിടെയെങ്ങും കണ്ടില്ല…. എനിക്കു കുറച്ചു പേടി തോന്നി മനസ്സിൽ…. രണ്ടുംകേട്ട കാലമല്ലേ…. പോരാത്തതിന് അവളൊരു പതിനഞ്ചുകാരി പെണ്ണും…. ഞാൻ അവളെ നോക്കി മുറിയിലേക്ക് ചെന്നപ്പോൾ അവൾ അവിടെ കിടക്കുക ആയിരുന്നു…. ഞാൻ അടുത്തു ചെന്നു നെറ്റിയിൽ തടവി….

“” എന്താ മോളെ, എന്തു പറ്റി, പതിവ് ഇല്ലാതെ ഈ സമയത്തൊരു കിടപ്പു…. മോൾക്ക് വയ്യെങ്കിൽ വാ നമുക്ക് ആശുപത്രിയിൽ പോകാം…. “” “” എനിക്കു ഒന്നുമില്ല അച്ഛാ, ചെറിയ ശരീരം വേദന…. അച്ഛൻ ജോലി കഴിഞ്ഞു വന്നതല്ലെയുള്ളു പോയി റസ്റ്റ് എടുത്തോ…. മോൾ ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട് അച്ഛൻ ഇന്നൊന്നു എടുത്തു കുടിക്കുമോ… വേദന ഉണ്ട് അച്ഛാ അതാണ്….”” “” എങ്കിൽ അച്ഛന്റെ മോൾ കിടന്നോ…. വൈകിട്ട് കഴിക്കാൻ ഉള്ളത് അച്ഛൻ മേടിച്ചുകൊണ്ട് വരാം…. ഇന്നൊന്നും മകൾ വെക്കേണ്ട കേട്ടോ… അച്ഛൻ ചായ എടുത്തു കുടിച്ചോളാം…. “”

അവൾ കൂടുതലായി എന്തോ പറയാൻ തുടങ്ങിയിട്ട് നിർത്തുന്നത് ഞാൻ കണ്ടു…
അതു കഴിഞ്ഞു ചായയും കുടിച്ചു ഞാൻ രാത്രിയിലേക്കുള്ള ഭക്ഷണം മേടിക്കാൻ ഇറങ്ങി….. ഭക്ഷണം മേടിക്കാൻ പോകുന്ന വഴി ഞാൻ മീനു മരിക്കാൻ നേരത്തു പറഞ്ഞു തന്ന കാര്യങ്ങൾ ഓർത്തു….. എനിക്കു എന്തെങ്കിലും പറ്റിയാൽ മോൾക്ക് ഏട്ടനെ ഉള്ളൂ…. അച്ഛനോട് അവൾക്കു തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട്…. അതു അവളുടെ പെരുമാറ്റം കണ്ടറിഞ്ഞു ചെയ്യണം കേട്ടോ….. രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണം മേടിക്കുന്നതിന്റെ കൂടെ ഞാനൊരു വിസ്‌പേർ മേടിച്ചു….. കടക്കാരൻ എന്നെയൊന്നു പകച്ചു നോക്കി നിന്നപ്പോൾ എനിക്കു മനസ്സിലായി ഞാൻ ഇപ്പോൾ ആണ് ശരിക്കും മോളുടെ അച്ഛൻ ആയതെന്നു….. ഞാൻ പെട്ടന്ന് തന്നെ വീട്ടിലേക്കു തിരിച്ചു ചെന്നു….. അടുക്കളയിൽ ഭക്ഷണം വെച്ചിട്ട് മകളുടെ അടുത്തേക്ക് ചെന്നു കട്ടിലിൽ ഇരുന്നു…..

“” മോളെ, അച്ഛൻ പുറം തടവി തരണോ….. അമ്മ അച്ഛനെ ഏല്പിച്ചിട്ടാണ് പോയത്… മോൾക്ക് വേദന കൂടിയാൽ അവൾക്കു മരിച്ചാൽ പോലും സ്വസ്ഥത കിട്ടില്ല…. ഇനി മുതൽ ഞാൻ തന്നെയാണ് മോളുടെ അമ്മയും…. “”

അതും പറഞ്ഞു കയ്യിൽ ഇരുന്ന വിസ്‌പേർ ഞാൻ കട്ടിലിൽ വെച്ചു….
എൻറെ ഭാവം കണ്ടു മോൾ എനിക്കുള്ള മറുപടി തന്നു….

“” ഒരിക്കലും അച്ഛനു അമ്മ ആകാൻ കഴിയില്ല…. അച്ചനായി നിന്നു തന്നെ കാര്യങ്ങൾ ചെയ്താൽ മതി…. പിന്നെ അച്ഛൻ പേടിക്കാൻ ഒന്നുമില്ല….. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാകുന്നതാണ്…. എനിക്കു പുറം വേദന ഉണ്ടാവാറുണ്ട് അതുകൊണ്ട് ആണ് അമ്മ പുറം തടവി തരുന്നത്…. അച്ഛനു പിന്നെ ഇതൊക്കെ പുതുമ തോന്നുന്നത് അച്ഛൻ അമ്മയെയും എന്നെയും രണ്ടു തട്ടിൽ തൂക്കിയിട്ടാണ്…. അമ്മയ്ക്കും ഉണ്ടായിരുന്നു ഇതുപോലെയുള്ള ദിവസങ്ങൾ…. അന്നൊന്നും അച്ഛൻ ഒന്ന് സ്നേഹത്തോടെ നോക്കുകയോ, ഒന്ന് സഹായിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല….. അമ്മയും അന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് റസ്റ്റ് എടുക്കാനും അച്ഛന്റെ സ്നേഹത്തോടെ ഉള്ള തലോടലും….. ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട് വേദന സഹിച്ചു അമ്മ കടയിൽ പോയി വിസ്‌പേർ മേടിക്കുന്നത്…. അന്നൊന്നും എനിക്കു ഇതൊന്നും അറിയില്ലായിരുന്നു അച്ഛൻ ഒട്ടു ഗൗനിക്കത്തും ഇല്ല….. പാവം അമ്മ, അമ്മക്ക് ഒന്നിനും പരാതി പറയാൻ അറിയില്ലായിരുന്നു അച്ഛനോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ടു ….. അച്ഛൻ വിഷമിക്കുക ഒന്നും വേണ്ട കേട്ടോ, അമ്മ പറഞ്ഞിട്ടുണ്ട് അച്ഛനു ഇതൊന്നും അറിയില്ല അതുകൊണ്ട് ഉള്ള കുഴപ്പം ആണെന്ന്….. “”

മോളുടെ പക്വതയാർന്ന സംസാരം എനിക്കു അത്ഭുതം ഉളവാക്കി….

“” മോളുടെ അമ്മ ഒരു ദൈവം ആയിരുന്നു മോളെ….. സ്നേഹിക്കാൻ മാത്രം അറിയുന്ന ദൈവം…. ആ ദൈവത്തിനു പകരമാകാൻ ഒരിക്കലും എന്നെകൊണ്ട് ആവില്ല എന്നാലും ഞാൻ എനിക്കു ആകും പോലെ ശ്രമിക്കാം അവളുടെ കുറവ് നികത്താൻ….. അങ്ങനെ എങ്കിലും അവളോട് ഉള്ള കടപ്പാട് എനിക്കു നിർവഹിക്കണം…. ഇനി അതെ മാർഗം ഉള്ളൂ മോളെ….. സത്യത്തിൽ ഇതും മേടിച്ചു മുറിയിലേക്ക് കയറി വരുമ്പോൾ എനിക്കു ഭയങ്കര സന്തോഷവും ആത്മാഭിമാനവും ആയിരുന്നു മോളെ…. മോളു പറയാതെ എല്ലാം അറിഞ്ഞു ചെയ്ത അച്ഛൻ എന്ന നിലക്ക്…. പക്ഷെ… “”

എന്തോ എനിക്കു പറഞ്ഞു മുഴുവൻ ആക്കാൻ കഴിഞ്ഞില്ല….. എൻറെ കണ്ണുകൾ കുറ്റബോധം കൊണ്ടു നിറഞ്ഞു….

“” അയ്യേ അച്ഛൻ ഇത്രയും തൊട്ടാവാടി ആണോ…. എനിക്കു എൻറെ അച്ഛനെ ഓർത്തു അഭിമാനം മാത്രം ഉള്ളൂ…. എൻറെ അമ്മയ്ക്കും അഭിമാനവും സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളു….. വെറുതേ അമ്മയെ വിഷമിപ്പിക്കണ്ട ഈ കണ്ണുകൾ നിറച്ചു…. അച്ഛൻ പോയി ടീവി ഒക്കെ കണ്ട് ഇരിക്ക് ഞാനൊന്നു റസ്റ്റ് ചെയ്യട്ടെ…. “”

മോളുടെ മുടിയിൽ ഒന്നുകൂടി തലോടി മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ അറിയുക ആയിരുന്നു തിരുത്താൻ പറ്റാത്ത തെറ്റു എൻറെ മീനുവിനോട് അറിവ് ഇല്ലാഴിമയും ഞാനെന്ന ഭാവവും കൊണ്ടു ഞാൻ ചെയ്തു പോയെന്നു …. എന്തുകൊണ്ട് ഒക്കെ ആണ് അമ്മക്ക് പകരം ഈ ഭൂമിയിൽ അമ്മ മാത്രം എന്ന് പറയപെടുന്നതെന്നു…..

Be the first to comment

Leave a Reply

Your email address will not be published.


*