ഒരു വീട്ടമ്മയുടെ ഡയറിക്കുറിപ്പ് ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും വിവാഹമോചിതരെക്കുറിച്ചും

ഭർത്താവിനോടൊപ്പമാണ് ഞാൻ ഉറങ്ങുന്നത് . എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് പക്ഷേ പരാതിയില്ല . ഭർത്താവ് അടുത്തുണ്ടല്ലോ എന്ന സന്തോഷം കൂർക്കംവലിയെക്കാളൊക്കെ എത്രയോ മേലെയാണ്. ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും, ഒരുമിച്ച് കിടന്നുറങ്ങാൻ ഭാഗ്യം കിട്ടാത്തവരെക്കുറിച്ചുമാണ് ഞാൻ അപ്പോൾ ചിന്തിച്ചുപോയത്. രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്നൊക്കെ പറഞ്ഞു മക്കൾ എന്നോട് പിണങ്ങുമ്പോഴും ഞാൻ പരിഭവിക്കാറില്ല . കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നുണ്ടല്ലോ എന്ന സന്തോഷം. വഴിതെറ്റിയ കൂട്ട് കെട്ടുകളില്ലല്ലോ . ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നുണ്ടല്ലോ എന്നൊക്കെയുള്ള ഒരു ആശ്വാസം .മക്കളില്ലാത്തവരെക്കുറിച്ചും,മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുമ്പോൾ ഞാനെന്റെ മക്കളുടെ പരിദേവനങ്ങളും പരാതികളും എത്രയോ നിസാരമെന്നു തിരിച്ചറിയുന്നു,

കറന്റ് ബില്ലുകൂടുമ്പോഴും ഗ്യാസ് ചിലവ് വർദ്ധിക്കുമ്പോഴും ഭർത്താവ് വഴക്ക് പറയും.. അപ്പോഴും പക്ഷെ, ഞാൻ സങ്കടപ്പെടാറില്ല. അവ ഇല്ലാതെ ജീവിക്കുന്നവരുടെ പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭർത്താവിന്റെ വഴക്ക് ഒരു വഴക്കേ ആയിട്ട് തോന്നുന്നില്ല .ദിവസവും വീടും മുറ്റവും മുറിയും ജനലുകളും വൃത്തിയാക്കേണ്ടി വരുമ്പോഴും എനിക്ക് ആവലാതികളില്ല . ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്ന എത്രയോ വീട്ടമ്മാർ ഇവിടെയുണ്ട്.നമുക്ക് കിട്ടിയ ദൈവാനുഗ്രഹങ്ങളെ മനസ്സിലാക്കി, നമ്മുടേയും കൂടെയുള്ളവരുടേയും ജീവിതം സന്തോഷകരമാക്കാൻ ശ്രമിക്കുകയല്ലേ ഒരു നല്ല വീട്ടമ്മ ചെയ്യേണ്ടത്? ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ കഴിയുമ്പോഴല്ലേ കുടുംബജീവിതം പൂവിട്ട് തളിർക്കുന്നത് ?

Be the first to comment

Leave a Reply

Your email address will not be published.


*