പൊലീസിനെയും ഫയർഫോഴ്‌സിനെയും ഫോണിൽ വിളിച്ച് പറ്റിക്കുന്നത് ഇവന്റെ പ്രധാന ഹോബിയാക്കി

ഫയർഫോഴ്‌സിന് വ്യാജ സന്ദേശം നൽകിയതിന് പിടിയിലായ പ്രതി പൊലീസിനെ കബളിപ്പിച്ചതും പലതവണ. നാട്ടുകാരെയും പൊലീസിനെയും പറ്റിക്കുന്നത് പതിവാക്കിയ പെരിങ്ങമ്മല കൊല്ലരുകോണം ഉഷ ഭവനിൽ ബൈജു(39)വിനെ ഇടുക്കി കാഞ്ഞാറിലെ ജോലി സ്ഥലത്തു നിന്നാണ് പൊലീസ് പിടികൂടിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ബൈജു. പെരിങ്ങമ്മലയിൽ ഒരാൾ കിണറ്റിൽ വീണു എന്ന് വിതുര ഫയർഫോഴ്‌സിൽ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ബൈജുവിനെ പൊലീസ് പിടികൂടുന്നത്. ബൈജുവിന്റെ ഫോൺ എത്തി ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയപ്പോൾ അത്തരത്തിലൊരു സംഭവമില്ല. തുടർന്നാണ് ഫയർഫോഴ്‌സ് പൊലീസിൽ പരാതി നൽകിയത്.

മുൻപ് ഫയർ ഫോഴ്‌സിൽ വിളിച്ചു ജ്വലറി കത്തിയെന്നും, ചൂണ്ടാമലയിൽ തീപിടിത്തമുണ്ടായെന്നും പറഞ്ഞു കബളിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചിലയിടങ്ങളിൽ അക്രമങ്ങൾ നടക്കുന്നതായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആരെങ്കിലും വഴി ചോദിച്ചാൽ തെറ്റായി പറഞ്ഞു കൊടുത്തു അവരെ വട്ടം ചുറ്റിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇടുക്കിയിലുണ്ടെന്നു കണ്ടെത്തിയത്. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു ബൈജു. പാലോട് സിഐ സി.കെ മനോജിന്റെ നേതൃത്വത്തിൽ എസ്‌ഐ സതീഷ് കുമാർ, സിപിഒമാരായ ഷിബു, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*