കഷ്ടപ്പെട്ട് കുടുംബത്തെ നോക്കിയിട്ടും വയ്യാതായതോടെ പ്രവാസിയായ അബൂബക്കറെ ഉപേക്ഷിച്ച് കുടുംബം

പ്രവാസ ലോകത്ത് 30 വർഷത്തോളം കഷ്ടപ്പെട്ട് തന്നാലാകും വിധം കുടുംബത്തെ നോക്കിയിട്ടും, ഒടുവിൽ ജീവിത സായാഹ്നത്തിൽ സ്വത്തിന്റെ പേരിൽ ഉറ്റവർ തനിച്ചാക്കിയ കപ്പൂർ എറവക്കാട് കോലയിൽ വീട്ടിലെ അബൂബക്കർക്ക് തണലായി ചാലിശ്ശേരി ജനമൈത്രി പോലീസ്. ഭാര്യയേയും രണ്ട് പെൺമക്കളേയും നല്ലരീതിയിൽ സംരക്ഷിക്കാനായാണ് അബൂബക്കർ പതിറ്റാണ്ടുകൾ വിദേശത്ത് കഷ്ടപ്പെട്ടത്. മക്കളെ രണ്ടുപേരേയും വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു. എന്നാൽ ആരോഗ്യം ക്ഷയിച്ച് വയ്യാതായി നാട്ടിലേക്ക് തിരിച്ചെത്തിയ അബൂബക്കറിനെ ഇനി സംരക്ഷിക്കണമെങ്കിൽ ബാക്കിയുള്ള സമ്പാദ്യം കൂടി എഴുതി തരണമെന്ന നിലപാടാണ് ഉറ്റവർ സ്വീകരിച്ചത്. അതിനു തയ്യാറാകാതിരുന്നതോടെ അബൂബക്കറെ ഉപേക്ഷിച്ച് സ്വന്തം കാര്യം തേടി പോവുകയായിരുന്നു പെൺമക്കൾ ഉൾപ്പടെയുള്ള കുടുംബം. ഇതോടെ ഒറ്റപ്പെട്ട് ഉറ്റവരും ഉടയവരുമില്ലാതെ പൊളിഞ്ഞുവീഴാറായ വീട്ടിൽ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച് കിടപ്പിലായ അബൂബക്കറിനെ ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള വീട് സന്ദർശനത്തിനിടെയാണ് കണ്ടെത്തിയത്. എറവക്കാട് ഭാഗങ്ങളിലെ വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണുന്നതും ജനമൈത്രി പോലീസ് പിന്നീട് സഹായ ഹസ്തവുമായി എത്തുകയും ചെയ്തത്.

ചാലിശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരൻ ശിവാസ് ആണ് അബൂബക്കറിന്റെ കദനകഥ ചാലിശ്ശേരി എസ്‌ഐ അനിൽമാത്യുവിനെ അറിയിച്ചത്. പിന്നീട് തിങ്കളാഴ്ച 10 മണിയോടെ ചാലിശ്ശേരി എസ്‌ഐയും സംഘവും നേരിട്ടെത്തി അബൂബക്കറിന് സാന്ത്വനം പകർന്നു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ്,സാമൂഹ്യ പ്രവർത്തകരായ ഹബീബ് റഹ്മാൻ, മുസ്തഫ, വിജേഷ് കുട്ടൻ പെരുമണ്ണൂർ എന്നിവരടങ്ങിയ സന്നദ്ധപ്രവർത്തകരെത്തി വീടും പരിസരവും വൃത്തിയാക്കി കൊടുക്കുകയും, കൃത്യമായി ഭക്ഷണവും,വസ്ത്രവും എത്തിച്ചു കൊടുക്കുന്ന തിന്നുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അബൂബക്കർക്ക് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത സംഘം തുടർന്നുള്ള ജീവിതത്തിൽ എല്ലാ വിഷമഘട്ടങ്ങളിലും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകിയാണ് മടങ്ങിയത്.

ശിവാസ് വിഎസിന്റെ ഫേസ്ബുക്ക് കുറിപ്പ്: ചാലിശ്ശേരി ജനമൈത്രി പോലീസിന് അഭിനന്ദനങ്ങൾ തിങ്കളാഴ്ച ചാലിശ്ശേരി ജനമൈത്രി പോലീസിനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത സുദിനമായിരുന്നു.കാരണം മറ്റൊന്നുമല്ല 30 വർഷക്കാലം ഗൾഫിൽ ജോലിചെയ്ത് ഭാര്യയേയും രണ്ട് പെൺകുട്ടികളെയും തന്നാലാവുന്നവിധം നോക്കുകയും,പെൺകുട്ടികളെ രണ്ട് പേരെയും വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തശേഷം ,ഇപ്പോൾ ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപ്പോയ,ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചുതുടങ്ങിയ അബുബക്കർ,വ:70 s/o ചേക്കുട്ടി,കോലയിൽ വീട്,എറവക്കാട്,കപ്പൂർ,എന്ന മനുഷ്യനെ ചാലിശ്ശേരി ജനമൈത്രി പോലീസും,നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചിലരും ഒപ്പമുണ്ടെന്ന് ഓർമ്മപ്പെടുത്താനും,അതുവഴി അദ്ദേഹത്തിനെ സന്തോഷകരമായ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനും സാധിച്ചു എന്നുള്ളത് ചാലിശ്ശേരി ജനമൈത്രി പോലീസിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമായി എന്ന് വിശ്വസിക്കുന്നു.

ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എറവക്കാട് ഭാഗങ്ങളിലെ വീടുകൾ സന്ദർശിക്കുന്ന വേളയിലാണ് അബുബക്കർ എന്ന മനുഷ്യനെ കാണാനിടയായത്.എപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴാവുന്ന ഓട് പാകിയ ഒരു വീടിനുള്ളിൽ ഒരു കട്ടിലിൽ നിരാശനായി കിടക്കുന്ന അബുബക്കർ എന്ന മനുഷ്യനെ കണ്ടപ്പോൾ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.തന്റെ സമ്പാദ്യങ്ങൾ എല്ലാം നൽകിയിട്ടും അവശേഷിക്കുന്നതും കൂടി നൽകിയാൽ മാത്രമേ നൽകിയാൽ മാത്രമേ മക്കളും ഭാര്യയും നോക്കുകയുള്ളു എന്ന അദ്ദേഹത്തിന്റെ കദനകഥ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണുനിറഞ്ഞുപ്പോയി.ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടുപ്പോയി എന്നുള്ള അദ്ദേഹത്തിന്റെ നിരാശ നിറഞ്ഞ വാക്കുകൾ കേട്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ,കാര്യങ്ങൾ ചാലിശ്ശേരി എസ് ഐ അനിൽമാത്യൂ സാറിനെ അറിയിക്കുകയും ചെയ്തു.നീതി തേടി പലവാതിലുകൾ മുട്ടിയിട്ടും ലഭിക്കാതെ നിരാശയുമായി ജീവിതം തള്ളിനീക്കുകയായിരുന്ന അദ്ദേഹത്തെ ഇന്ന് 07.10.2019 തിയ്യതി കാലത്ത് 10.00 മണിക്ക് ചാലിശ്ശേരി എസ് ഐ അനിൽമാത്യൂ സാറിന്റെ നേത്യത്വത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,സാമുഹ്യ പ്രവർത്തകരായ ഹബീബ് റഹ്മാൻ,മുസ്തഫ,വിജേഷ്കുട്ടൻ പെരുമണ്ണുർ എന്നിവർ സന്ദർശിക്കുകയും വീടും പരിസരവും വ്യത്തിയാക്കി കൊടുക്കുകയും,ക്യത്യമായി ഭക്ഷണവും,വസ്ത്രവും എത്തിച്ചുകൊടുക്കുന്നതിന്നുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതും തുടർന്നുള്ള ജീവിതത്തിൽ എല്ലാ വിഷമഘട്ടങ്ങളിലും കൂടെയുണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് കൊടുക്കുകയും ചെയ്തു..

Be the first to comment

Leave a Reply

Your email address will not be published.


*