അച്ഛനെ കുറിച്ചുള്ള ഒരു മകളുടെ ഹൃദയംതൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

അച്ഛനെ കുറിച്ചുള്ള ഒരു മകളുടെ ഹൃദയംതൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. എട്ടുമാസം പ്രായമുള്ള മകളെ അമ്മ ഉപേക്ഷിച്ചുപോയപ്പോള്‍ മകള്‍ക്ക് അച്ഛനും അമ്മയുമായത് അച്ഛനാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിറകെ 21-ാം വയസ്സില്‍ മകള്‍ അമ്മയെ തിരഞ്ഞിറങ്ങി. ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ അപരിചിതയെപ്പോലെയാണ് അമ്മ പെരുമാറിയത്. അച്ഛന്റെ സ്‌നേഹത്തിന്റെ കരുതലും നൈര്‍മല്യവും അന്ന് ആ മകള്‍ തിരിച്ചറിഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് മുംബൈ സ്വദേശിനിയായ ഈ യുവതിയുടെ ജീവിതകഥ പറയുന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘എനിക്ക് എട്ടുമാസം പ്രായമുള്ളപ്പോഴാണ് അമ്മ അച്ഛനെയും എന്നെയും ഉപേക്ഷിക്കുന്നത്. എന്റെ അച്ഛനും അദ്ദേഹത്തിന്റെ മൂത്ത സഹോദരിയുമാണ് എന്നെ വളര്‍ത്തിയത്. അച്ഛന്റെ സഹോദരിയെ ഞാന്‍ പതിയെ അമ്മ എന്നുവിളിച്ചുതുടങ്ങി. അത് എന്റെ അമ്മയല്ലെന്ന് ഞങ്ങളുടെ അയല്‍ക്കാര്‍ പറയുമ്പോഴേക്കും എനിക്ക് കരച്ചില്‍ വരും. അവരോട് സത്യമെന്താണ് എന്ന് തിരക്കും. എന്റെ കണ്ണുതുടച്ചുകൊണ്ട് ഞാന്‍ തന്നെയാണ് അമ്മയെന്ന് അവര്‍ പറയും. ജീവിതത്തിന്റെയും വളര്‍ച്ചയുടെയും ഓരോ ഘട്ടത്തിലും എന്റെ അച്ഛന്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ച് ഞാനിന്നുമോര്‍ക്കുന്നു. അന്ന് ഞങ്ങള്‍ വീട്ടില്‍ തനിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാന്‍ വല്ലാതെ ഭയപ്പെട്ടു, പക്ഷേ അച്ഛന്‍ എന്നെ ശാന്തയാക്കി. എന്താണ് സംഭവിക്കുന്നത് എന്ന് വളരെ ശാന്തനായി പറഞ്ഞുതന്നു.

എനിക്കന്ന് പത്തുവയസ്സ് ആയതേ ഉണ്ടായിരുന്നുള്ളൂ. അമ്മ എന്തുകൊണ്ടാണ് ഞങ്ങളെ വിട്ടുപോയത് എന്ന് അച്ഛന്‍ പറഞ്ഞുതന്നു. അമ്മയ്ക്ക് ഉത്കര്‍ഷേച്ഛയുള്ള ഒരാളായിരുന്നു. വിവാഹത്തില്‍ തുടരാന്‍ അമ്മയ്ക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അമ്മ ഞങ്ങളെ വിട്ട് പോകുമ്പോള്‍ എന്നെയും കൈയില്‍ പിടിച്ച് പോകരുത് എന്ന് വിലപിച്ച് അച്ഛന്‍ അമ്മയുടെ പുറകേ ഓടി. പക്ഷേ അമ്മ പറഞ്ഞു ‘വിവാഹത്തിന് മുമ്പ് എനിക്ക് കുട്ടിയുണ്ടായിരുന്നില്ല, അതിന് ശേഷം സംഭവിച്ചതാണ് ഇത്. അതുകൊണ്ട് അവള്‍ നിങ്ങളുടേതാണ്, എന്റേതല്ല.’ എനിക്ക് വല്ലാത്ത മന:ക്ലേശമുണ്ടായി. എന്റെ അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചില്ല. രണ്ടാനമ്മ എന്നോട് എങ്ങനെയാണ് പെരുമാറുക എന്ന ഭയമായിരുന്നു അച്ഛന്.

വളരുന്തോറും അന്ന് അച്ഛന്‍ പറഞ്ഞതെല്ലാം എന്നെ ഉലച്ചുകൊണ്ടിരുന്നു. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു എനിക്ക് അതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് എനിക്ക് 21 വയസ്സായപ്പോള്‍, ഞാന്‍ അതിനെ അഭിമുഖീകരിക്കാന്‍ തന്നെ തീരുമാനിച്ചു. ഓണ്‍ലൈനില്‍ ഞാന്‍ എന്റെ അമ്മയെ തിരഞ്ഞു. അമ്മയ്ക്ക് മെസേജ് അയച്ചു. കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു, അമ്മ സമ്മതിച്ചു. രണ്ടുകുട്ടികളുമായാണ് അമ്മ എന്നെ കാണാനെത്തിയത്. യാതൊരു ബന്ധവുമില്ലാത്ത ഒരാളോടെന്ന പോലെയാണ് അമ്മ എന്നോട് പെരുമാറിയത്. സുഖം തന്നെയല്ലേ എന്നുമാത്രമാണ് അമ്മ എന്നോട് ചോദിച്ചത്. ഞാന്‍ വല്ലാതെ തകര്‍ന്നുപോയി.

അന്നത്തെ ദിവസം വീട്ടിലെത്തിയപ്പോള്‍ അമ്മ അവരുടെ ആ രണ്ടുമക്കളോട് എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറുന്നത് എന്ന് ഞാന്‍ ആലോചിച്ചു. എന്റെ അച്ഛന്‍ എന്നോട് പെരുമാറുന്നത് പോലെ. എനിക്ക് ഞാനെന്ത്ര അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നി. അടുത്താണ് ഞാന്‍ വിവാഹിതയായത്. എന്റെ വിവാഹദിവസം അച്ഛന്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ഒരു കാര്യം പറഞ്ഞു.’ഇവള്‍ കുട്ടിയായിരിക്കുമ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞിരുന്നു പെണ്‍കുട്ടിയാണ് ഇവള്‍ക്ക് അമ്മയുടെ സാമീപ്യം വേണമെന്ന്. എനിക്ക് അച്ഛനും അമ്മയുമാകാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിക്കുമെന്ന് അന്ന് എല്ലാവരോടും പറഞ്ഞിരുന്നു.’ അച്ഛനിത് പറഞ്ഞുനിര്‍ത്തുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്റെ അച്ഛന് വേണമെങ്കില്‍ സ്വന്തം ജീവിതം വീണ്ടും കെട്ടിപ്പടുക്കാമായിരുന്നു. പക്ഷേ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് എനിക്കൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇന്ന് ഞാനെന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ എവിടെയെങ്കിലുമെത്തിയെങ്കില്‍ അതെല്ലാം എന്റെ അച്ഛന്‍ നിമിത്തമാണ്.’

Be the first to comment

Leave a Reply

Your email address will not be published.


*