പ്രതിശ്രുത വരനൊപ്പം കിണറ്റിലിറങ്ങി സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.

പ്രതിശ്രുത വരനൊപ്പം കിണറ്റിലിറങ്ങി സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. 23 വയസ്സുകാരിയായ ടി. മേഴ്സി സ്റ്റെഫിയാണ് മരിച്ചത്. തമിഴ്നാട്ടിലെ ആവാഡിയിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നതിങ്ങനെ; തിങ്കളാഴ്ച വൈകുന്നേരം ഓഫിസിൽ നിന്ന് പ്രതിശ്രുത വരൻ അപ്പുവിനൊപ്പം ഇറങ്ങിയതായിരുന്നു മേഴ്സി.

വരുന്ന വഴി ഗ്രാമത്തിലെ ഒരു കൃഷിസ്ഥലത്ത് സംസാരിച്ചിരിക്കാനായി ഇവർ വാഹനം നിർത്തി. അതിനിടെയാണ് സമീപത്തുള്ള പഴയ കിണർ മേഴ്സിയുടെ ശ്രദ്ധയിൽപ്പെട്ടത്. പടിക്കെട്ടോടു കൂടിയ കിണറ്റിലിരുന്ന് ഫോട്ടോയെടുക്കാമെന്ന് മേഴ്സി പറഞ്ഞതോടെ അപ്പുവും കൂട്ടുനിന്നു. ഇരുവരും ഒരുമിച്ചിരുന്ന് സെൽഫിയെടുക്കുന്നതിനിടെ മേഴ്സി കിണറ്റിലേക്ക് വഴുതി വീഴുകയായിരുന്നു. മേഴ്സിയെ രക്ഷിക്കാൻ ശ്രമിച്ച അപ്പുവും കിണറ്റിൽ വീണു. കിണറ്റിൽ തലയിടിച്ചാണ് മേഴ്സി വീണത്. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ കൃഷിക്കാരാണ് യുവാവിനെ രക്ഷിച്ചത്.

മേഴ്സിയുടെ ശരീരം അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപ്പുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിത ദുരന്തം അവരെ തേടിയെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*